ഉൽപ്പത്തി അഥവാ ആരംഭം
സ്രഷ്ടാവും സൃഷ്ടിയും ഉത്പത്തിയിൽ
ധാരാളം മർമ്മങ്ങൾ (വെളിവായതും അല്ലാത്തതും) അടങ്ങിയ പുസ്തകമാണ്, വിശുദ്ധ വേദപുസ്തകം(The Holy Bible).
അതിൽത്തന്നെ വളരെ വിപുലമായ സ്ഥാനമാണ് 50അധ്യായങ്ങളുള്ള ഉല്പത്തി പുസ്തകത്തിനുള്ളത്.പരിശുദ്ധാത്മാവിന്റെ കൃപ ഉണ്ടെങ്കിൽ മാത്രമേ തിരുവചനം പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളു.ഉല്പത്തി പുസ്തകം മനസ്സിലാകാതെ തിരുവചനപഠനം പൂര്ണമാകുകയില്ല.
ആദിയിൽ നടന്നത്
ഉല്പത്തിയുടെ തുടക്കത്തിൽ ദൈവത്തിന്റെ സൃഷ്ടി കർമ്മങ്ങളെക്കുറിച്ചുള്ള ചുരുക്ക വിവരണമാണ് നൽകിയിട്ടുള്ളത്.
'ആദി' അഥവാ 'beginning' എന്നാൽ എല്ലാറ്റിനെയും, (സമയം, കാലം, സ്ഥലം) തുടക്കം എന്ന അർത്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ത്രിയേക ദൈവം (യോഹ.1 :3 - 4) ആദിയിൽ സകലവും സൃഷ്ടിച്ചു.ഇവിടെ 'ആകാശം' അഥവാ 'heavens' എന്ന് പറയുന്നത്, ഭൂമിയുടെ സ്വാധീന മേഖലക്കും മുകളിലുള്ള സകലവും എന്ന അർത്ഥത്തിലാണ്. കാരണം ഭൂമിയുടെ ആകാശം, 'വിതാനം' എന്ന് രണ്ടാം ദിവസം പറയുന്നുണ്ട്.
സൃഷ്ടിയുടെ തുടക്കം മുതൽ ദൈവാത്മാവ് പരിവർത്തിച്ചു കൊണ്ടിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
ഭൂമി അഥവാ 'earth ' എന്നത് ത്രിത്വദൈവം അടിസ്ഥാനമിട്ടു ഉണ്ടാക്കിയ സൃഷ്ടിയാണ് (സങ്കീ.102 :25 ,104 :5-6 , 115 :16).ആ അടിസ്ഥാനത്തിന് മുകളിലാണ് 'കര' അഥവാ 'land ' ഉം സമുദ്രവും (ocean ) ഉളവാക്കിയത്. എന്നാൽ സൃഷ്ടിയിൽ ആദ്യം ഇത് ഒരു സമുദ്രലോകം/water world ആയിരുന്നു.
രണ്ടാം ദിവസം ദൈവം വെള്ളത്തെ തമ്മിൽ വേർപിരിച്ചു(divided). അങ്ങനെ നല്ല ഒരളവു വെള്ളം ആകാശവിതാനത്തിനു മുകളിലേക്ക് മാറ്റി,അങ്ങനെ ഭൂമിയിൽ കര ദൃശ്യമായി (മുകളിലേക്ക് മാറ്റപ്പെട്ട വെള്ളം പിന്നീട് നോഹയുടെ കാലത്തു ഉപയോഗിക്കപ്പെട്ടതായി മനസിലാക്കാം).
ഭൂമിയിൽ അഥവാ മണ്ണിനടിയിൽ ദൈവം ആദ്യ സൃഷ്ടി നടത്തി, പുല്ലും വിത്തുള്ള സസ്യങ്ങളും അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു.
അതിനു കാരണങ്ങൾ പലതാണ്. ഒരു കാരണം, ചലിക്കുന്നതും ശ്വാസം വലിക്കുന്നതുമായ ജന്തുക്കൾക്ക് ആവശ്യമുള്ള ഊർജ്ജത്തിനും വായുവിനും(Oxygen) ഇത് ആവശ്യമായിരുന്നു എന്നതാണ്. മറ്റൊന്ന്, Land / കര പ്രദേശം മറ്റു സൃഷ്ടികൾക്ക് പ്രയോജനമാകുന്ന വിധത്തിൽ, പുല്ലുà വിത്തുള്ള സസ്യങ്ങൾàവിത്ത്/ബലമുള്ള വൃക്ഷം എന്നിവ വഴി രൂപപ്പെടുത്തിയെടുത്തു എന്നതാണ്. കൂടാതെ പ്രത്യുൽപ്പാദനം എന്ന ചുമതല കൂടി ദൈവം സൃഷ്ടികൾക്കു കൊടുത്തിരുന്നു (വിത്തിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക).
എന്നാൽ ഈ സംഗതികളെല്ലാം നടക്കുമ്പോൾ ഭൂമിയെ പ്രകാശിപ്പിക്കാൻ സൂര്യ,ചന്ദ്ര, നക്ഷത്രങ്ങൾ ഉണ്ടായിരുന്നില്ല. ദൈവ തേജസ്സ് ആണ് അപ്പോൾ ഈ അടിസ്ഥാന കർമ്മങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. നാലാം ദിവസം, ഭൂമിയെ പ്രകാശിപ്പിക്കാനും കാല, സമയ നിർണ്ണയങ്ങൾക്കുമായി സൂര്യ,ചന്ദ്ര, നക്ഷത്രങ്ങളെ കല്പിച്ചാക്കി.
തുടർന്ന്, അഞ്ചാം ദിവസം, ചലിക്കുന്ന ജീവികളെ, ജലജന്തുക്കളെയും തുടർന്ന് പറവ ജാതികളെയും സൃഷ്ടിച്ചു. ദൈവം വെള്ളത്തിൽ ചലിക്കുന്ന വലിയ മത്സ്യങ്ങളെയും മറ്റു ജീവ ജന്തുക്കളെയും സൃഷ്ടിച്ചപ്പോൾ അതിന്റെ തുടർച്ച എന്ന നിലയിൽ ആണ് പറവകളെയും സൃഷ്ടിച്ചത് എന്ന് കാണാം.
ആറാം ദിവസം, നാൽക്കാലികൾ, ഇഴജന്തുക്കൾ,കാട്ടുമൃഗങ്ങൾ(dinosaurs ഉൾപ്പെടെ ഉള്ളവ) എന്നിവയെ എല്ലാം കരയിൽ നിന്ന് ഉണ്ടാകട്ടെ എന്ന് കല്പിച്ചു.അനന്തരം,ആറാം ദിവസം തന്നെ, ദൈവം സ്വന്തം രൂപത്തിൽ (ആത്മാവിലും ജീവനിലും) മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യസൃഷ്ടിയെക്കുറിച്ചു രണ്ടാം അധ്യായത്തിൽ അല്പം വിശദീകരിക്കുന്നുണ്ട്. അതിൽ, അന്ന് ഭൂമിയിൽ ഇന്നത്തേത് പോലെ ഉള്ള മഴ പെയ്തിരുന്നില്ല എന്ന് വ്യക്തമാക്കുന്നു. ഭൂമിയിൽ നിന്നും മഞ്ഞു പൊങ്ങി ലോകമെങ്ങും നിലം നനച്ചു വന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു(പ്രളയം വരെ ഭൂമിയിൽ എങ്ങും സാധാരണയുള്ള മഴ പെയ്തിരുന്നില്ല എന്ന് മനസിലാക്കാം).
അങ്ങനെ നിലം ഒരുക്കിയിട്ടാണ് ദൈവം ഭൂമിയിൽ സൃഷ്ടി നടത്തിയത്. ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും കരയിലും വെള്ളത്തിലും ഉള്ള വിവിധങ്ങളായ അടിസ്ഥാന മൂല പദാർത്ഥങ്ങളിൽ നിന്നാണ് ദൈവം ഉളവാക്കിയത്.(സങ്കീ.103:14, 104:30).
എന്നാൽ മനുഷ്യനെ ദൈവം തന്റെ സ്വന്തം ആത്മാവിലും ജീവനിലും ഉളവാക്കി, അവനു ഒരു ശരീരം നിർമ്മിച്ച് നൽകി, എന്നാൽ മനുഷ്യൻ തന്റെ പാപത്താൽ ദൈവബന്ധം വിട്ടു വെറും ശരീരി മാത്രമായി ചുരുങ്ങി (സങ്കീ.119:25), അങ്ങനെ അവനു ആയുസ്സും നിശ്ചയിക്കപ്പെട്ടു.
മനുഷ്യ-നിർമിതി
ജീവികളെയെല്ലാം ഭൂമിയിൽ നിന്നും ഉളവാക്കിയ ശേഷം ദൈവം മനുഷ്യ ശരീരവും മണ്ണിൽ നിന്ന് നിർമ്മിച്ചു. ദാവീദ്, 139-ആം സങ്കീർത്തനത്തിലും ഇത് വെളിപ്പെടുത്തിയിരിക്കുന്നു. ഈ സങ്കീർത്തനത്തിൽ ദാവീദ് തന്റെ ജനനത്തെക്കുറിച്ചു മാത്രമല്ല മുഴുവൻ മാനവസൃഷ്ടിയെക്കുറിച്ചും പ്രസ്താവിക്കുന്നു.അതിനാലാണ് "ദൈവമേ നിന്റെ വിചാരങ്ങൾ എനിക്ക് എത്ര ഖനമായവ!" എന്ന് ദാവീദ് അത്ഭുതപ്പെടുന്നത്.
മനുഷ്യ ശരീരത്തെ, കളിമണ്ണിൽ (Land fertile with water from snow) ആണ് ദൈവം നിർമ്മിച്ചത്(യെശ:64:8, മത്തായി 3:9).ഭൂമിയിൽ, അന്തർഭാഗത്തു, സൃഷ്ടിക്കു വേണ്ട സാഹചര്യം ഒരുക്കുകയും ഒരു സസ്യം വളർന്നു വരുന്നത് പോലെ മനുഷ്യ ശരീരം ഉളവാക്കുകയും മൂക്കിൽ ജീവശ്വാസം (ആത്മാവും ജീവനും) ഊതി ജീവനുള്ള ദേഹിയായി തീർത്തു. അനന്തരം കാലം തികഞ്ഞപ്പോൾ ഭൂമിയിൽ പ്രത്യേകം വളർത്തിയ ഏദൻ തോട്ടത്തിൽ നിയോഗിച്ചു.
എന്നാൽ ദൈവം എന്തിനാണ് ഇത്തരം പ്രക്രിയകൾ(process) ഉപയോഗിക്കുന്നത്? ഒരു വാക്കിൽ അപ്പോൾത്തന്നെ ഉളവാകില്ലേ എന്ന് ചോദിച്ചേക്കാം.
ഉത്തരം, തീർച്ചയായും, സർവശക്തനായ ദൈവത്തിനു എല്ലാം കഴിയും എന്നാണ്. എന്നാൽ, നാം വിശ്വസിക്കുന്ന ത്രിയേകദൈവം, താൻ ഉളവാക്കിയ, നിയമിച്ച നിയമങ്ങളെയും വഴികളെയും ശക്തികളെയും തള്ളിപ്പറയുന്ന ദൈവമല്ല. ധാരാളം ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ ഉടനീളം ഉണ്ട്(ക്രിസ്തുജനനം, ചെങ്കടൽ കടക്കുമ്പോൾ, 40 വർഷത്തെ പുറപ്പാട് - എന്നിവ ചില ഉദാഹരണങ്ങൾ).
എന്നാൽ ശാസ്ത്രം പറയുന്നത് പോലെയുള്ള ഒരു കാലയളവ് ഈ സൃഷ്ടികൾക്കു ദൈവം എടുത്തില്ല. വേണ്ട രീതിയിലുള്ളപ്രക്രിയകൾ(process) നടന്നുവെങ്കിലും അതിനു വേണ്ടി വന്ന സമയം ദൈവം ചുരുക്കി എന്ന് കാണാം. ഹവ്വയെ സൃഷ്ടിച്ചപ്പോളും ഇതേ കാര്യങ്ങൾ നടന്നുവെങ്കിലും ഒരു വ്യത്യാസം, യുവാവായ ആദാമിന്റെ ഏകാന്തത മാറ്റുവാൻ സ്ത്രീ സൃഷ്ടി ദൈവം നടത്തിയിട്ടു വളരെ പെട്ടന്ന് പൂർണ്ണ വളർച്ചയെത്തിച്ചതായി മനസിലാക്കാം.
മനുഷ്യന്റെ ആയുസ്സ്
മനുഷ്യനോ മറ്റു ജീവികൾക്കോ സൃഷ്ടാവ് ആയുസ്സിന്റെ പരിധി നിശ്ചയിച്ചിരുന്നു എങ്കിലും അത് വെളിവായി വന്നത് പിന്നീടാണ്. ഉൽപ്പത്തി 1 :29 – 30 വാക്യങ്ങളിൽ കാണുന്നതുപോലെ "ഭൂമിയിലെ സകല ഭൂചരജന്തുക്കൾക്കും" ആഹാരമായി പച്ചസസ്യങ്ങളും വിത്തുകളും ഫലങ്ങളും ഒക്കെയാണ് നൽകിയത്. എന്ന് വെച്ചാൽ സൃഷ്ടിയുടെ ആരംഭത്തിൽ എല്ലാ ജീവികളും സസ്യഭുക്കുകളായിരുന്നു (herbivorous ) എന്നർത്ഥം.
എന്നാൽ എല്ലാ ഭൂചര ജീവികളും (മനുഷ്യൻ, മൃഗം,ഇഴജാതി,പക്ഷികൾ) ഏറിയും കുറഞ്ഞും പാപം ചെയ്യുകയും അങ്ങനെ അവയെ സൃഷ്ടിച്ചത് കൊണ്ട് ദൈവം ദുഖിച്ചു (ഉല്പത്തി 6 :6 - 7 ). അങ്ങനെ കരയിൽ ജീവിക്കുന്ന മനുഷ്യരും ജീവികളും പക്ഷികളും ദൈവകോപം നേരിടേണ്ടി വന്നു, പ്രളയം മൂലം നശിപ്പിക്കപ്പെട്ടു.
ദൈവം ആദിമ മനുഷ്യന് കൊടുത്ത കല്പനയിൽ "തോട്ടത്തിലെ മറ്റെല്ലാ വൃക്ഷഫലവും തിന്നാം, എന്നാൽ നന്മതിന്മയെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതു" എന്ന് അരുളിചെയ്തിരുന്നു. എന്നാൽ അവിടെ ജീവവൃക്ഷവും ഉണ്ടായിരുന്നു, അത് നിയന്ത്രിച്ചിരുന്നില്ല.
മനുഷ്യനും മറ്റു ജീവികൾക്കും ദൈവം ആദ്യമേ ആയുസ്സ് തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞുവല്ലോ. എന്നാൽ അത് അവയുടെ പിൽക്കാലത്തെ പ്രവർത്തിയെ ദൈവം ആദ്യമേ അറിഞ്ഞിരുന്നത് കൊണ്ടാണ്, ദൈവത്തിനു ഒന്നും മറവല്ലല്ലോ.അങ്ങനെ ദൈവം മനുഷ്യന് മുന്നറിയിപ്പ് കൊടുത്തു, തിന്നരുതാത്ത ഫലം തിന്നാൽ "അത് തിന്നുന്ന നാളിൽ നീ മരിക്കും". അനന്തരം, മനുഷ്യൻ ദൈവകൽപന ലംഘിച്ചു; വിലക്കപ്പെട്ട കനി തിന്നു, ദൈവം കല്പിച്ചതു പോലെ "തിന്നുന്ന നാളിൽ", ദൈവം കല്പിച്ച ദിവസം തന്നെ (ദൈവത്തിന്റെ ഒരു ദിവസം = 1000 മനുഷ്യവര്ഷം, 2 പത്രോസ് 3 : 8 - 9 / സങ്കീ 90 :4 ) മരണപ്പെട്ടു.
അങ്ങനെ "മോഹം" എന്ന ആദ്യ പാപത്തിന്റെ ഫലമായി അനുസരണക്കേടു ചെയ്തപ്പോൾ മുൻ നിശ്ചയിക്കപ്പെട്ട ആയുസ്സിലേക്കു മനുഷ്യൻ നീങ്ങി; ജീവവൃക്ഷവും കൈയെത്താനാവാത്ത ദൂരത്തായി. സ്ത്രീക്കും ദൈവം കൊടുത്ത പ്രത്യുല്പാദനം എന്ന പ്രക്രിയ ഏറ്റവും വേദനയേറിയതായി മാറി.
അനന്തരം, മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആയുസ്സ് വീണ്ടും തലമുറകളായുള്ള അവയുടെ പാപഫലമായി കുറയുകയും അങ്ങനെ മനുഷ്യന് 120 വയസ്സ് എന്ന നിലയിലേക്കും ഒടുവിൽ എത്തി(ഉല്പത്തി 6 :3 ). അത് വീണ്ടും കുറയുന്നത് വേദപുസ്തകത്തിലും നമ്മുടെ ജീവിതങ്ങളിലും കാണാം.
പ്രളയ ശേഷം ദൈവം മനുഷ്യനെ(നോഹയെ) അനുഗ്രഹിച്ചു ഒരു ഉടമ്പടി ചെയ്തു. ഭൂമിയിലെ സർവ ജീവജാലങ്ങളുടെയും മേൽ മനുഷ്യന് അധികാരം നൽകി, എല്ലാ ജീവജന്തുക്കളെയും(ചില നിയന്ത്രണങ്ങളോടെ) സസ്യങ്ങളെപ്പോലെ ആഹാരമാക്കാൻ മനുഷ്യന് നൽകി. അതിനു ശേഷം ദൈവം, എല്ലാ ജീവജാലങ്ങളോടും, "ഇനിമേൽ സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനി ജലപ്രളയം ഉണ്ടാവുകയുമില്ല" എന്ന നിയമം ചെയ്തു, അതിന്റെ അടയാളമായി മേഘത്തിൽ മഴവില്ലു സ്ഥാപിച്ചു.
ഏദൻതോട്ടത്തിലേക്കുള്ള തിരിച്ചുപോക്ക്
ദൈവം നിശ്ചയിച്ച അന്ത്യകാലത്തു പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിക്കും(വെളി.21:1), അതിൽ പുതിയ ജെറുസലേം സ്ഥാപിക്കും. നഗരവീഥിയുടെ നടുവിൽക്കൂടി ഒഴുകുന്ന ജീവജലനദിയുടെ ഇരുകരകളിലും ജീവവൃക്ഷങ്ങളും നടും(വെളി.22:1). ആ പുതിയ ഭൂമിയെ ദൈവതേജസ്സ് പ്രകാശിപ്പിക്കും. സൃഷ്ടിയുടെ ആരംഭത്തിലെപ്പോലെ, സൂര്യചന്ദ്രന്മാരും രാത്രിയും ഉണ്ടാകില്ല.
അറുക്കപ്പെട്ട ദൈവകുഞ്ഞാടിന്റെ നാമം നെറ്റിയിൽ മുദ്ര ഏറ്റവർ ഈ പുതിയ ഭൂമിയിൽ എന്നേക്കും വസിക്കും എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു.
---------------------------------------------
Comments
Post a Comment